---
title: "ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ വീണ്ടും ട്വിസ്റ്റ് ; ഗൃഹനാഥന്റെ തിരോധാനത്തിലും അന്വേഷണം, ഇളയ മകൻ ഒളിവിൽ തന്നെ"
english_title: "Another twist in the Idukki Nedumkandam double murder; Investigation underway into the disappearance of the head of the household, younger son still absconding"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/355849/Another twist in the Idukki Nedumkandam double murder; Investigation underway into the disappearance of the head of the household, younger son still absconding"
published_at: "2026-04-27T22:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef9c202a21d_Untitled-5_copy.jpg"
keywords: []
---

# ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ വീണ്ടും ട്വിസ്റ്റ് ; ഗൃഹനാഥന്റെ തിരോധാനത്തിലും അന്വേഷണം, ഇളയ മകൻ ഒളിവിൽ തന്നെ

> **Lead Summary:** ഇടുക്കി നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതകത്തിൻ്റെ ചുരുൾ അഴിയുംമുൻപേ ഗൃഹനാഥൻ്റെ തിരോധാനത്തിലും സംശയം ഉയരുന്നു. എട്ട് വർഷംമുൻപാണ് ഗൃഹനാഥനായ മാത്യു പാസ്റ്ററെ കാണാതാകുന്നത്.

## Article Content

ഇടുക്കി നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതകത്തിൻ്റെ ചുരുൾ അഴിയുംമുൻപേ ഗൃഹനാഥൻ്റെ തിരോധാനത്തിലും സംശയം ഉയരുന്നു. എട്ട് വർഷംമുൻപാണ് ഗൃഹനാഥനായ മാത്യു പാസ്റ്ററെ കാണാതാകുന്നത്.

ഇരട്ടക്കൊലപാതകത്തിനൊപ്പം മാത്യുവിനെ കാണാതായതും അന്വേഷിക്കണമെന്നും സമാനമായ രീതിയിൽ പിതാവിനെയും മകൻ കൊലപ്പെടുത്തിയിട്ടുണ്ടോ എന്ന് സംശയമുള്ളതായും നാട്ടുകാർ ആരോപിച്ചു. 2018ൽ മാത്യുവിനെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ പരാതി തന്നിരുന്നുവെന്നും ഇതിന്മേൽ അന്വേഷണം നടക്കുകയാണെന്നും നെടുങ്കണ്ടം പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച രാവിലെയാണ് നെടുങ്കണ്ടം പച്ചടി-തോട്ടുവാക്കടവിൽ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ സ്ത്രീയുടെയും പുരുഷൻ്റെയും മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പൊന്നൂട്ടിയിർ മേരിയുടെ വീടിന് മുന്‌പിൽ നിന്നാണ് മണ്ണിൽ ഒരടിയോളം താഴെ ജീർണിച്ച നിലയിലുള്ള ശരീരഭാഗങ്ങൾ കണ്ടെത്തിയത്.

ഇവിടെ താമസിച്ചിരുന്ന മേരി (70) മൂത്ത മകൻ റെജി (48) എന്നിവരുടേതാണ് മൃതദേഹ അവശിഷ്ടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒപ്പം താമസിച്ചിരുന്ന മേരിയുടെ ഇളയ മകൻ സജി (43) ഒളിവിലാണ്.

രണ്ടാഴ്ച്‌ചയോളം പഴക്കം സംശയിക്കുന്ന മൃതദേഹഭാഗങ്ങൾ പൂർണമായി ജീർണിച്ച നിലയിലാണ്. അമ്മയെയും സഹോദരനെയും കാണാതായതായി മകൾ സിനി പരാതിയുടെ അടിസ്ഥാനത്തിൽ നെടുങ്കണ്ടം പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. മേരിക്കുട്ടിയെയും റെജിയെയും കാണാതായതിനെ തുടർന്ന് നാട്ടുകാർ സജിയോട് വിവരം തിരക്കിയിരുന്നു. എന്നാൽ സജി നൽകിയ മറുപടികളിലെ പരസ്‌പരവിരുദ്ധമായ കാര്യങ്ങൾ നാട്ടുകാരിൽ സംശയമുണർത്തി. നാട്ടുകാർ ഈ വിവരം മേരിക്കുട്ടിയുടെ മകളെ അറിയിക്കുകയും, തുടർന്ന് മകൾ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനും ഡിഎൻഎ, രാസ പരിശോധനകൾക്കുമായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. സജിക്കായി ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/355849/Another twist in the Idukki Nedumkandam double murder; Investigation underway into the disappearance of the head of the household, younger son still absconding)